ലണ്ടൻ: ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധനേടിയ എസെക്സിലെ ക്ലാക്ടൺ പാർലമെന്റ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ റിക്കാർഡ് സ്ഥാനാർഥികൾ.
റിഫോം യുകെ പാർട്ടി നേതാവുമായ നൈജൽ ഫെറാജ് എംപി സ്ഥാനം രാജിവച്ചതിനെ തുടർന്ന് ഒഴിവുവന്ന സീറ്റിൽ ആകെ 34 സ്ഥാനാർഥികളാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരിക്കുന്നത്.
ആധുനിക ബ്രിട്ടീഷ് പാർലമെന്ററി ചരിത്രത്തിലെ ഒരു ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഏറ്റവും ഉയർന്ന സ്ഥാനാർഥികളുടെ എണ്ണമാണിത്.
തന്റെ വ്യക്തിപരമായ സാമ്പത്തിക സ്രോതസുകളെക്കുറിച്ചും സാമ്പത്തിക വെളിപ്പെടുത്തലുകളെക്കുറിച്ചുമുള്ള പാർലമെന്ററി പരിശോധനകളെത്തുടർന്ന് ജൂലൈ ഏഴിനാണ് നൈജൽ ഫെറാജ് എംപി സ്ഥാനം രാജിവച്ചത്.
എന്നാൽ ഒഴിവുവന്ന അതേ സീറ്റിൽ ജനവിധി വീണ്ടും തേടിക്കൊണ്ട് അദ്ദേഹം തന്നെ വീണ്ടും മത്സരരംഗത്തിറങ്ങുകയായിരുന്നു. ഓഗസ്റ്റ് 13നാണ് മണ്ഡലത്തിൽ വോട്ടെടുപ്പ് നടക്കുന്നത്.
ടെൻഡ്രിംഗ് ഡിസ്ട്രിക്റ്റ് കൗൺസിൽ പുറത്തുവിട്ട ഔദ്യോഗിക സ്ഥാനാർഥി പട്ടിക പ്രകാരം യുകെയിലെ പ്രധാന പാർലമെന്ററി പാർട്ടികളായ ലേബർ പാർട്ടി, കൺസർവേറ്റീവ് പാർട്ടി, ലിബറൽ ഡെമോക്രാറ്റുകൾ, ഗ്രീൻ പാർട്ടി എന്നിവരൊന്നും ഈ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല.
പ്രധാന വെസ്റ്റ്മിൻസ്റ്റർ പാർട്ടികളിൽ നിന്നും നൈജൽ ഫെറാജ് മാത്രമാണ് മത്സരരംഗത്തുള്ളത്. പാർട്ടി ചിഹ്നങ്ങളില്ലാതെ മത്സരിക്കുന്ന 20 സ്വതന്ത്ര സ്ഥാനാർഥികളാണ് പട്ടികയിലുള്ളത്.
ബ്രിട്ടനിൽ ഇതിന് മുൻപ് 2008 ജൂലൈയിൽ ഹാൾട്ടൻപ്രൈസ് ആൻഡ് ഹൗഡൻ ഉപതെരഞ്ഞെടുപ്പിൽ 26 സ്ഥാനാർഥികൾ മത്സരിച്ചതായിരുന്നു ഇതുവരെയുള്ള റിക്കാർഡ്.
അന്ന് കൺസർവേറ്റീവ് നേതാവ് സർ ഡേവിഡ് ഡേവിസ് രാജിവച്ച് വീണ്ടും മത്സരിച്ചപ്പോഴും പ്രധാന പാർട്ടികൾ വിട്ടുനിന്നിരുന്നു.
ഓഗസ്റ്റ് 13ന് നടക്കുന്ന തെരഞ്ഞെടുപ്പിലെ ജനവിധി നൈജൽ ഫെറാജിന്റെ രാഷ്ട്രീയ ഭാവിയിൽ നിർണായകമാകും.